ദൈവ ഭക്തി എന്ന അമൂല്യ നിക്ഷേപം

ഭൌതിക ജീവിതത്തിനു വേണ്ടിയുള്ള കരുതലിനു വേണ്ടി സമയത്തിന്റെ നല്ലൊരു ഭാഗം ചെലവിടുന്നവരാണല്ലോ നമ്മള്‍ . ഒരു നല്ല നാളെ മുന്നില്‍ കണ്ടു വേണ്ടത് ഇപ്പോള്‍ കൃത്യ സമയത്തു തന്നെ ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണല്ലോ. (1തിമോത്തി 5:8). ഒരു നല്ല നിക്ഷേപം എപ്പോഴായാലും നമുക്കു പ്രയോജനപ്പെടും.

ഭൌതിക സമ്പത്തിനെയും നിക്ഷേപത്തെയും കുറിച്ചു ഒരു ദൈവ വിശ്വാസിക്കുള്ള കാഴ്ചപ്പാട് (കൊടുക്കുന്ന മുന്‍ഗണന) മറ്റുള്ളവരുടേതിനേക്കാള്‍ വിഭിന്നമായിരിക്കും. ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ച് പരമ പ്രധാനമായി കാണുന്ന നിക്ഷേപം ദൈവത്തിലുള്ള ആശ്രയം അഥവാ ദൈവ ഭക്തി ആയിരിക്കും. ഈ ആശയം വ്യക്തമായി ദൈവ വചനത്തില്‍ കാണാം.

നല്ലൊരു തുക ബാങ്കില്‍ നിക്ഷേപം ഉള്ള ഒരാള്‍ സാമ്പത്തിക കാര്യങ്ങളില്‍ എത്രമാത്രം സ്വതന്ത്രനായും ധൈര്യവാനായും കാണപ്പെടുന്നുവോ, അത് പോലെ തന്നെ സംതൃപ്തിയോടും സമാധാനത്തോടും കൂടെ ജീവിക്കുവാന്‍ ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു ഭക്തന് ഏതു വിഷമ സ്ഥിതിയിലും കഴിയും എന്നാണു തിരുവചനത്തില്‍ നിന്നും നമുക്ക് മനസിലാകുന്നത്. ആവശ്യം വരുന്ന സമയത്തു എടുത്തു ഉപയോഗിക്കാനാണല്ലോ നിക്ഷേപം. ദൈവ ഭക്തി എന്ന നിക്ഷേപം ഏത് പ്രതികൂല സാഹചര്യത്തിലും പ്രയോജനപ്പെടുന്നതാണ്.


നിക്ഷേപം എവിടെ?

ഇതിനെക്കുറിച്ച് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുള്ളത് നോക്കുക:
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്‍വിന്‍ . നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. (മത്തായി: 6: 19-21)
അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് ഉള്ള കരുതലില്‍ കവിഞ്ഞ മറ്റൊരു നിക്ഷേപം ഭൂമിയില്‍ ഉണ്ടാക്കരുതെന്നും സ്വര്‍ഗ്ഗത്തില്‍ നിലനില്ക്കുന്ന ഒരു നിക്ഷേപം ഉണ്ടാക്കാന്‍ ഉത്സാഹിക്കാനുമാണ് കല്പന. ഈ നിക്ഷേപം മറ്റൊന്നുമല്ല, സ്വര്‍ഗത്തില്‍ നമുക്കു പ്രതിഫലം ലഭിക്കുന്ന നമ്മുടെ നിലനില്ക്കുന്ന പ്രവൃത്തികള്‍ - അഥവാ ഭക്തിയുള്ള ജീവിതം തന്നെ.

ദൈവ ഭക്തിയും സംതൃപ്തിയും:

യഥാര്‍ത്ഥ ദൈവഭക്തിയുടെ ഒരു ലക്ഷണമാണ് സംതൃപ്തിയുള്ള ജീവിതം. പരാതികള്‍ കുറ്റപ്പെടുത്തലുകള്‍ , മുറിവേറ്റത്തിന്റെ അസ്വസ്ഥത, കുറ്റബോധം, ഭീതി, ഇതെല്ലാം നിയന്ത്രിക്കുന്നതിനും ഒരു പ്രശാന്തമായ മാനസികാവസ്ഥ കൈവരിക്കുന്നതിനും എല്ലാവരോടും സമാധാനമുള്ള ഒരു ബന്ധം പുലര്‍ത്തുന്നതിനും ദൈവഭക്തനായ ഒരാള്‍ക്ക്‌ കഴിയും.

സംതൃപ്തിയോട് കൂടിയ ദൈവഭക്തി വലുതായ ആദായം (1തിമോത്തി: 6:6)
സംതൃപ്തി എന്നതിന് അലംഭാവംഎന്നാണ് ചില പഴയ മലയാളം തര്‍ജമയില്‍ കാണുന്നത്. (Godliness with contentment is great gain.)

ഒരു വിശ്വാസിയില്‍ സംതൃപ്തിയില്ലായ്മ അവിശ്വാസത്തിന്റെയും അനുസരണക്കേടിന്റെയും ഒരു ലക്ഷണമാണ്. തന്നില്‍ തന്നെ സംതൃപ്തി ഇല്ലാത്ത ഒരാള്‍ക്ക്‌ മറ്റുള്ളവരോടും സമാധാനമായി ഇടപെടാന്‍ കഴിയില്ല. മറിച്ച്, സംതൃപ്തനായ ഒരു ദൈവ ഭക്തന് തന്റെ പ്രവൃത്തിയിലൂടെ/ ഇടപാടിലൂടെ മറ്റുള്ളവരെ നന്മയിലേക്ക് സ്വാധീനിക്കാന്‍ കഴിയും.
"ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക" (1തിമോത്തി 6:8).
മാന്യമായ ജീവിതത്തിനു ആവശ്യം വേണ്ടതെല്ലാം ഉണ്ടെങ്കില്‍ പിന്നെ അതില്‍ നാം സംതൃപ്തിയുള്ളവര്‍ ആയിരിക്കണം. ഇതു ഒരു തരം നിസംഗതയല്ല, മറിച്ച്, ദൈവത്തോടുള്ള നന്ദിയും, ദൈവിക കരുതലില്‍ ഉള്ള ആശ്രയവും നമ്മില്‍ ഉളവാക്കുന്ന സമാധാന പൂര്‍ണ്ണമായ മനോഭാവമാണ്. മേല്‍ പറഞ്ഞ വാക്യത്തിന്റെ ആശയം വാചിക അര്‍ത്ഥത്തില്‍ കാണുന്നതിനേക്കാള്‍ വിപുലമാണ്. വല്ലതും കഴിക്കുകയും വല്ലയിടത്തും കിടന്നുറങ്ങുകയും ചെയ്യാന്‍ വേണ്ടി മാത്രമല്ലല്ലോ നമ്മള്‍ ജീവിക്കുന്നത്. മാന്യമായി ജീവിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഈ - ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ എന്ന - പരിധിയില്‍ വരും.

എല്ലായ്പോഴും ഉള്ള ഭക്തി:

യഥാര്‍ത്ഥ ഭക്തിയുള്ള ഒരാള്‍ ഏത് സാഹചര്യത്തിലും ഭക്തി കാണിക്കും. വിശ്വാസവും ഭക്തിയും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതല്ല, മറിച്ച് അവയ്ക്ക് അതീതമാണ്.
നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. (സദൃശവാക്യങ്ങള്‍ : 23:17-18)
ഇയ്യോബ്, യോസഫ്, ദാവീദ്, ദാനിയേല്‍ തുടങ്ങിയ പുരുഷന്മാരുടെ ദൈവഭക്തി നമുക്കു ഉത്തമ മാതൃകകളാണ്. അതികഠിനമായ പ്രതിസന്ധികളില്‍ കൂടെ കടന്നു പോയപ്പോഴും തികച്ചും ലക്ഷ്യബോധമുള്ളവരായി, യഥാര്‍ത്ഥ ദൈവ ഭക്തി കൈവിടാതെ, അതിന്റെ പ്രയോജനം എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുത്തവര്‍ ആണിവര്‍ ..

ഭക്തര്‍ക്ക്‌ വേണ്ടിയുള്ള ദൈവത്തിന്റെ കരുതല്‍:

ദൈവം തന്റെ ഭക്തര്‍ക്കായി കരുതുന്നു. അവരുടെ സമ്പൂര്‍ണ്ണമായ ആവശ്യങ്ങളില്‍ അവിടുന്ന് ശ്രദ്ധാലുവും കരുതലുള്ളവനും ആണ്. ഈ കരുതല്‍ ആത്മീയ വിഷയങ്ങളില്‍ മാത്രമല്ല ഭൌമിക ജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളോട് ബന്ധപ്പെട്ടും സത്യമാണ്.
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ? വിചാരപ്പെടുന്നതിനാല്‍ തന്റെ നീളത്തോടു ഒരു മുഴം കൂട്ടു വാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്‍ക്കുന്നതുമില്ല. എന്നാല്‍ ശലോമോന്‍ പോലും തന്റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍ , അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്ക് കിട്ടും. (മത്തായി: 6 :25-33)
ജീവിതത്തിന്റെ മുന്‍ഗണന ദൈവത്തിനു കൊടുക്കുന്നവര്‍ക്ക്‌ വേണ്ടതെല്ലാം അവിടുന്ന് സമയത്തു നല്കിക്കൊടുക്കും എന്നതാണ് പ്രമാണം.

അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല്‍ ഇട്ടുകൊള്‍വിന്‍ . (1 പത്രൊസ്: 5:7)
അവന്റെ കരുതല്‍ സകലത്തിലും ഉണ്ടെന്നാണ് ഈ വാക്യം നമ്മെ ഓര്‍പ്പിക്കുന്നത്

ദൈവ ഭക്തിയുടെ
ആദായം:
നിക്ഷേപകര്‍ക്ക് ആദായം ലഭിക്കുന്ന ഒരു വന്‍ നിക്ഷേപം തന്നെയാണ് ദൈവഭക്തി.
സംതൃപ്തിയോട് കൂടിയ ദൈവഭക്തി വലുതായ ആദായം (1തിമോത്തി: 6:6)
ഭക്തിയുള്ള ജീവിതം ദൈവ മുമ്പാകെ വിലമതിക്കുന്നതാണ്.

നീതിമാന്റെ ശ്രദ്ധയോട് കൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു (യാക്കോബ് 5:16).
ഭക്തിവേഷം ധരിച്ചു ഇതൊരു ബിസിനസ്‌ ആയി കൊണ്ടു നടക്കുന്നവരും ഉണ്ട്.

അവര്‍ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു. (1തിമോത്തി: 6:5)
അവരുടെ സ്വഭാവത്തില്‍ നിന്നും അവരെ തിരിച്ചറിയാം. (1തിമോത്തി: 6:3-4).

നാം എവിടെ ?
പ്രിയമുള്ളവരേ, ഈ ഭൂമിയിലും നമ്മുടെ മരണശേഷവും വളരെയധികം പ്രയോജനം ചെയ്യുന്നതാണ് ഭക്തിയുള്ള ഒരു ജീവിതം. അതുകൊണ്ട് അത് മുറുകെ പിടിച്ചു കൊണ്ടു ജീവിക്കുവാന്‍ നമുക്കു ശ്രമിക്കാം. അങ്ങനെയാണെങ്കില്‍ വലിയ ഒരു ആദായമായിരിക്കും ഈ ചെറിയ ജീവിതം കൊണ്ടു നമുക്ക് ഉണ്ടാകുന്നത് ..!

ദൈവഭക്തി എന്ന വലിയ നിക്ഷേപത്തിന്റെ ആദായം അനുഭവിച്ച് ജീവിതം തിരിച്ചു പിടിച്ച ഒരു കുടുംബത്തെക്കുറിച്ച് ഇവിടെ വായിക്കാം..

ശുഭം!

  1. gravatar

    # by AneeZ Bhai - 2009, ഒക്‌ടോബർ 29 5:29 PM

    hmm..nice post brother.

  2. gravatar

    # by Rejoy Poomala - 2009, ഒക്‌ടോബർ 29 8:36 PM

    thanks for your comment..!

Related Posts with Thumbnails

മലയാളം ഗാനങ്ങള്‍ വരികളോടെ!