കഷ്ടകാലത്തു ധൈര്യപ്പെടാമോ?
Posted by Rejoy Poomala in കഷ്ടത, ജീവിത വിജയം, ദാവീദ്, ദൈവാശ്രയം, പ്രതിസന്ധി, വിശ്വാസം

യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം സൂചിപ്പിക്കാം.
"ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു." (1 ശമുവേല്‍ 1:6)
ദാവീദ് നേരിട്ട അസഹനീയമായ ഒരു കഷ്ടത്തെക്കുറിച്ച് ഇവിടെ വായിക്കാം.
മനുഷ്യര്‍ എല്ലാവരും പല രീതിയില്‍ കഷ്ടതകള്‍ അഭിമുഖീകരിക്കാറുണ്ട് - ദൈവ വിശ്വാസി ആണെങ്കിലും അല്ലെങ്കിലും. തുടരെത്തുടരെ വരുന്ന പ്രശ്നങ്ങളില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വരുന്ന ചില സാഹചര്യങ്ങള്‍ വരുമ്പോള്‍ അറിയാം നമ്മുടെ യഥാര്‍ത്ഥ കപ്പാസിറ്റി. ഓരോരുത്തരുടെയം പ്രതികരണം വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ നിരാശരാകാം, അസംതൃപ്തി മൂലം പിറുപിറുക്കാം, മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്താം, ദൈവത്തെ തള്ളിപ്പറയാം. ഒന്നും വയ്യെങ്കില്‍ വിധിയെ പഴിച്ചു ഒതുങ്ങിക്കൂടാം. അതുമല്ലെങ്കില്‍ എല്ലാം അവസാനിപ്പിക്കാം. ഇതില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കുന്നത് എങ്ങനെയാണ് ?
ഇത്തരമൊരു സാഹചര്യമാണ് ദാവീദ് സിക്ളാഗില് വച്ചു അഭിമുഘീകരിച്ചത്. പ്രാണരക്ഷാര്‍ത്ഥം അന്യനാട്ടില്‍ വന്നു താമസിക്കുന്നു.. അവിടെയും അരക്ഷിതത്വം.. ശമുവേലിന്റെ ഒന്നാം പുസ്തകം തുടര്‍മാനമായി വായിച്ചു വന്നാല്‍ അറിയാം ഈ അസാധാരണ സംഭവങ്ങളുടെ പുരോഗമനം. മാനസികവും ശാരീരികവും അത്മീയവുമായി കഷ്ടതകളുടെയും പോരാട്ടങ്ങളുടെയും ഒരു പരമ്പര തന്നെയാണ് യുവാവായ ദാവീദിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ഇവിടെയിതാ, അതിന്റെ പാരമ്യം. തനിക്കും കൂടെയുള്ളവര്‍ക്കും ഉണ്ടായിരുന്നു സകലവും നഷ്ടപ്പെട്ടു.. കൂടെയുള്ളവരും ഇപ്പോള്‍ തനിക്കെതിരായി... ഇവിടെ ആര് ആരെ ആശ്വസിപ്പിക്കും ?
ഉറ്റവരെ നഷ്ടപ്പെട്ടാല്‍ അതിന്റെ വിഷമം ഒന്ന് വേറെ തന്നെയാണ്. അതുപോലെ തന്നെയാണ് അതുവരെ കൂടെനിന്നവര്‍ നമ്മുടെ കഷ്ടകാലത്തു നമുക്ക് എതിരാകുമ്പോഴും. കൂടെയുള്ളവരുടെ കഷ്ടതയില്‍ അവരെ സഹായിക്കാനവാതെ എല്ലാം നഷ്ടപ്പെട്ടു നില്ക്കുന്ന ഒരു നായകന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ... ഇവിടെ ആശ്വാസം കൈക്കൊള്ളുവാന്‍ ഒരു മനുഷ്യനും സ്വാഭാവികമായി ആവില്ല. പിന്നെയല്ലേ ധൈര്യത്തിന്റെ കാര്യം!
പക്ഷേ, ദാവീദ് തന്റെ പരിചയം വിട്ടില്ല. സമചിത്തതയോടെ, ഏത് സമയത്തും അദ്ദേഹം ചെയ്തിരുന്നത് പോലെ ദൈവത്തിന്റെ ഹിതം എന്താണെന്നു ആരായുകയാണ് ഉടന്‍ ചെയ്തത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അനുസരിച്ചായിരിക്കും പലപ്പോഴും നാം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പക്ഷേ, സാഹചര്യങ്ങള്‍ എന്തും ആകട്ടെ - ദൈവമാണ് അവയെ വരുത്തുന്നതും നിയന്ത്രിക്കുന്നതും. അതുകൊണ്ട് അവിടുത്തേക്ക് അതില്‍ ഒരു ഉദ്ദേശം ഉണ്ട്. ഇതു നാം കണ്ടു പിടിക്കണം. ഇതു പക്ഷേ, നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ദൈവിക ശിക്ഷണത്തില്‍ പരിചയമുള്ളവര്‍ക്കേ ഇവിടെ പിടിച്ചു നില്‍ക്കാനാവൂ. ദാവീദ് ഇക്കാര്യത്തില്‍ ഒരു പക്വത സിദ്ധിച്ച മനുഷ്യനാണ് - യുവാവാണെങ്കിലും. കഷ്ടതയുടെ തീച്ചൂളയില്‍ ജീവിതം ഉരുകിത്തിളച്ചപ്പോള് ബലശാലിയായി രൂപാന്തരപ്പെട്ട വ്യക്തിയാണ് ദാവീദ്...
സത്യസന്ധതയും ആത്മാര്‍ത്ഥതയും മുറുകെപ്പിടിച്ചു തിന്മയെ വെറുക്കുക.. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് മാത്രം രാജാവിന്റെ കോപം സമ്പാദിക്കുക.. അത്യാപത്തില്‍ രാജ്യത്തെ രക്ഷിച്ചെങ്കിലും തള്ളപ്പെടുക.. സ്വന്തം നാടും വീടും വിട്ടു ഓടേണ്ടി വരിക.. മല മടക്കുകളില്‍ ഗുഹകളില്‍ അന്തിയുറങ്ങുക.. മരണത്തിനും ജീവനുമിടയില്‍ നെട്ടോട്ടമോടുക.. അപമാനിതനായിത്തീരുക.. അങ്ങനെ എന്തെല്ലാം... ആത്മാഭിമാനമുള്ള ഒരു ചെറുപ്പക്കാരന് എങ്ങനെ ഇതെല്ലാം സഹിക്കും ???
ഇവിടെയൊക്കെയും ദാവീദ് പഠിച്ച ഒരു പാഠമുണ്ട് - ദൈവത്തില്‍ ആശ്രയിക്കുക... സകല കഷ്ടങ്ങളുടെയും നടുവില്‍ നിവര്‍ന്നു നിന്നുകൊണ്ട് ദൈവത്തിന്റെ ആലോചന അന്വേഷിക്കുവാന്‍ ദാവീദിന് ധൈര്യം നല്‍കിയത് ഈ ദൈവത്തെക്കുറിച്ചുള്ള ശരിയായ പരിചയമാണ്. ഹോ! ദാവീദിന്റെ ദൈവത്തെ - യഹോവയെ - ദാവീദിനെപ്പോലെ ആര്‍ക്കാണ് അറിയുക !!!!
"ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു." - 'വണ്ടര്ഫുള്' എന്നല്ലാതെ മറ്റൊന്നും കമന്റു പറയാനില്ല.! ഇതൊരു അതികായനായ വിശ്വാസ നായകന് തന്നെ..!!
തുടര്‍ന്നു എന്തു സംഭവിച്ചു എന്നു പറയേണ്ടതില്ലല്ലോ. ദൈവത്തിന്റെ ആലോചന പ്രകാരം ശത്രുക്കളെ പിന്തുടര്‍ന്ന ദാവീദും സംഘവും ശത്രുക്കളെ തരിപ്പിണമാക്കി.. നഷ്ടപ്പെട്ട സകലവും തിരിച്ചു പിടിച്ചു... ദൈവത്തിന്റെ നാമത്തില്‍ വിജയം കൊണ്ടാടി !
ജീവിതത്തില്‍ ഉടനീളം ദൈവത്തിന്റെ ഹിതത്തിനു പ്രാധാന്യം കൊടുത്തു ജീവിച്ച ദാവീദിന്റെ ജീവിതത്തില്‍ കാണുന്ന ഒരു സവിശേഷ സ്വഭാവം ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്. - കഷ്ടകാലത്തു ദൈവത്തില്‍ ആശ്രയിക്കുക. ലജ്ജിച്ചുപോകാന് ഇടവരാതെ അവിടുന്ന് സഹായിക്കും ! അങ്ങനെയെങ്കില്‍ സംഗതികളുടെ പര്യവസാനത്തില്‍ ദാവീദ് പാടിയത് പോലെ നമുക്കും പടാനാവും:
"ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല് ഇരിക്കും. അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. നീതിമാന്മാര് നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന് രക്ഷിക്കുന്നു. നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു." (സങ്കീര്‍ത്തനം 34 ഇവിടെ വായിക്കാം)ഇതു ദാവീദിന് മാത്രം സാധിക്കുന്ന കാര്യമല്ല കേട്ടോ. നമുക്കും സാധിക്കും. ദൈവം എല്ലാവരോടും ഒരുപോലെ ഇടപെടുന്നവനാണ്. പ്രമാണങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയുമാണ്. അതുകൊണ്ടാണ് ഈ ചരിത്രം ദൈവാത്മാവ് നമുക്കായി രേഖപ്പെടുത്തിയത്. ഇനിയും നമ്മുടെ ജീവിതത്തിലും വരുന്ന ഏത് കഠിന പ്രതിസന്ധിയും സമചിത്തതയോടും പക്വതയോടും ദൈവാശ്രയത്തോടും കൂടെ നേരിടുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. വിജയം സുനിശ്ചിതം! സര്വേശ്വരന് എല്ലാവരെയും ബലപ്പെടുത്തി അനുഗ്രഹിക്കട്ടെ!
This entry was posted on at 9:24 AM and is filed under കഷ്ടത, ജീവിത വിജയം, ദാവീദ്, ദൈവാശ്രയം, പ്രതിസന്ധി, വിശ്വാസം. You can follow any responses to this entry through the RSS 2.0. You can leave a response.
- No comments yet.